കൊട്ടിയൂർ: കണ്ണൂരിനെ വയനാടുമായി ബന്ധപ്പെടുത്താൻ കണ്ടപ്പുനം നെല്ലിയോടി 39-ാം മൈൽ റോഡ് തുറക്കാൻ കൊട്ടിയൂർ പഞ്ചായത്തും നാട്ടുകാരും പണികൾ ആരംഭിച്ചു.
മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയിലെ കണ്ടപ്പുനത്ത് നിന്ന് ആരംഭിച്ച് തലശ്ശേരി മാനന്തവാടി സംസ്ഥാനാന്തരപാതയിൽ 39-ാം മൈലുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൻ്റെ ഒരു ഭാഗം കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിലും മറു ഭാഗം വയനാട്ടിലെതവിഞ്ഞാൽ പഞ്ചായത്തിലുമാണ്.ഇതിൽ കൊട്ടിയൂർ ഭാഗത്തുള്ള കണ്ടപ്പുനം മുതൽ പാറയിൽ കവലവരെ 2.5 കിലോമീറ്റർ ദൂരം ടാറിങ്ങും കോൺക്രീറ്റു പണികളും നടത്തിയതാണ്. വയനാട്ടിലെ 39-ാം മൈലിൽ റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഒരു കിലോമീറ്റർ ദൂരവും പണികൾ പൂർത്തിയാക്കിയതാണ്.' ഇടയ്ക്കുള്ള 2.450 കിലോമീറ്റർ ദൂരം 5 മീറ്റർ വീതിയിൽ മൺപണികൾ നടത്താനാണ് നീക്കം തുടങ്ങിയിട്ടുള്ളത്.
കൊട്ടിയൂർ, തവിഞ്ഞാൽ പഞ്ചായത്തുകളുടെ ആസ്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ റോഡ് 60 വർഷത്തിലധി മായി ഉപയോഗിച്ചു വന്നിരുന്നതാണ്. എന്നാൽ 10 വർഷത്തിലധികമായി റോഡിൽ പണികൾ ഒന്നും നടത്തിയിരുന്നില്ല. വന്യ ജീവി ശല്യം രൂക്ഷമായതോടെ 30 ൽ അധികം കുടുംബങ്ങൾ പ്രദേശത്ത് നിന്ന് താമസം മാറ്റിയതാണ് റോഡ് അടഞ്ഞു പോകാൻ കാരണമായത്.
പണികൾ ജനകീയ വികസന സമിതി ചെയർമാർ ഫാ. സിനോജ് ചിറ്ററക്കൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജി തെങ്ങുംപള്ളി അദ്ധ്യക്ഷനായിരുന്നു. കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങളായ ജോണി ആമക്കാട്ട്, ജീജ ജോസഫ്, ഷാജി തോമസ് പൂവക്കുളത്ത്, ബേബി ചെറുപ്ലാവിൽ, ബിനീഷ് കുമ്പുങ്കൽ, ജോയി മമ്പള്ളിൽ, സാബു പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
The panchayat and locals have started work to open a jeep road from Nelliyodi in Kottiyoor to Wayanad.